easy statistics

Friday, October 16, 2009

സത്യഭാമക്കൊരു പ്രേമലേഖനം (ഒരു ഹൈ സ്കൂള്‍ പ്രണയകഥ)

ഈ കഥയില്‍ മൂന്നു കഥാപാത്രങ്ങള്‍ ഉണ്ട്. ഞാന്‍, എന്റെ കൂട്ടുകാരന്‍ പ്രമോദ്, പിന്നെ അവന്റെ അയലത്തുള്ള സത്യഭാമ. ഞങ്ങള്‍ മൂന്നിനെ കൂടാതെ ബാക്ക്ഗ്രൌണ്ടില്‍ വന്നു പോകുന്ന പ്രമോദിന്റെ അച്ഛന്‍, അമ്മ, പ്രീഡിഗ്രിക്ക് പഠിക്കുന്ന ചേട്ടന്‍ , സത്യഭാമയുടെ വീട്ടുകാര്‍ അങ്ങനെ കുറച്ചുപേരും കൂടിയുണ്ട്. അവരെ നമുക്കു തത്കാലം മൈന്‍ഡ് ചെയ്യണ്ട.

സത്യഭാമ ഒരു ഭൂലോക സുന്ദരി ആയിരുന്നു. ഷീലയ്ക്ക് നസീറില്‍ ഉണ്ടായ പോലെ ഒരു figure. ഞാന്‍ തീപെട്ടികൂട് കളക്ഷന്‍ നിര്‍ത്തിയ കാലമായിരുന്നു അത് . പ്രമോദ് ഹിന്ദിയില്‍ ദൂസരി കഴിഞ്ഞു ഇനി എന്ത് ആലോചിച്ചു പുര നിറഞ്ഞു നില്കുന്നു. അങ്ങനെ ഒരു പണി ഇല്ലാത്ത സായാഹ്നത്തില്‍ ഭാവിയെ കുറിച്ചു ആശങ്കകുലരായി കൊച്ചങ്ങ (ഏലിയാസ് :മച്ചിങ്ങ) എറിഞ്ഞു കളിച്ചോണ്ട് നിക്കുമ്പോഴാണ് സത്യഭാമ ആ വഴി പോയത്. ജയഭാരതിയെ കണ്ട ടി.ജി.രവിയെ പോലെ ഞാന്‍ അവളെ നോക്കി നിന്നു. അപ്പഴാണ് സൈഡില്‍ നിന്നു പൊട്ടന്‍ പ്രമോദിന്റെ വക ഒരു ഉമ്മര്‍ ഡയലോഗ് - "സഹകരിച്ചാല്‍ നിനക്കും സുഖം എനിക്കും സുഖം, അല്ലെങ്കില്‍ എനിക്ക് മാത്രം സുഖം."
പരമ ദ്രോഹി! ഭാഗ്യം അവള് കേട്ട ലക്ഷണമില്ല.

അന്ന് ഞാന്‍ കാവിലംമെടെ പേരില്‍ സത്യം ചെയ്തു - ഏത് സാമദ്രോഹിയെ കൊന്നിട്ടായാലും ഇവളെ സ്വന്തം ആക്കും. നെഞ്ചിലെ കയ്യ്‌ മാറ്റി സൈഡില്‍ നോക്കിയപ്പോ ദേണ്ടെ നിക്കണ്‌ പ്രമോദ് നെഞ്ചില്‍ കയ്യും വച്ചു കണ്ണും അടച്ചു പിടിച്ചു! പുല്ലു, ഇതു ഒരു നടക്കു തീരണ ലക്ഷണമില്ല.

പിന്നെ ഉള്ള ഒരു കാലഘട്ടം competetion ന്റെ ആയിരുന്നു. ലാലേട്ടന്‍ പറഞ്ഞ പോലെ ലൈന്‍ അടി ഒരു competetion ഐറ്റം ആയിരുന്നെങ്കി എനിക്ക് ഒരു ഗപ്പ്‌ കിട്ടിയേനെ. (അല്ലെങ്കി ആ നയവഞ്ചകന്‍് പ്രമോദിന്).
താലപോലീടെ അന്ന് മാത്രം അമ്പലത്തില്‍ പോയിരുന്ന ഞാന്‍ അതോടെ ദിവസവും ദേവി ക്ഷേത്രത്തില്‍ പോയി തുടങ്ങി. സത്യഭാമയുടെ attention കിട്ടാന്‍ വലിയ വായില്‍ നിലവിളിച്ചു പ്രാര്‍ത്ഥന തുടങ്ങി.
ഒരു ദിവസം സത്യഭാമ കേള്‍കെ എന്റെ നിലവിളി നടക്കുന്ന സമയത്തു സൈഡില്‍ നിന്നു ഒരു ഡയലോഗ് - "മനസുരുകി വിളിചോടാ. നിന്റെ മാറാവ്യാധി ദേവി മാറ്റും"
"ടേ!!!!". (ആ കേട്ടത് എന്റെ നെഞ്ചില്‍ പൊട്ടിയ പടക്കം ആയിരുന്നു. ഡയലോഗ് ആ മര്കടന്‍ പ്രമോദിന്റെയും)
അന്നാദ്യമായി സത്യഭാമ എന്റെ തിരിഞ്ഞു നോക്കി, ഒരു ദയനീയ ഭാവത്തോടെ. മൈ ഗോഡ്! പ്രേമാഭിഷേകത്തിലെ കമലഹാസന്റെ റോള്‍ ആയോ എനിക്ക്?
വാട്ട്‌ എ ലൈഫ്! കുറച്ചു കാശുണ്ടായിരുന്നെങ്കില്‍ കൊച്ചീന്ന് കൊട്ടേഷന്‍ ടീമിനെ കൊണ്ടു വന്നിവന്റെ വായില്‍ മണ്ണിടാമായിരുന്നു.

അങ്ങനെ പരസ്പരം പാര വച്ച്‌ വച്ച്‌ എന്റെയും പ്രമോദിന്റെയും ഭാവിയും ഇമേജും തകര്‍ന്നു തരിപണമായി. ഇങ്ങനെ പോയാല്‍ ഭാവിയില്‍ ഒരു നല്ല കല്യാണോലോചന വരില്ല എന്നുറപ്പായപ്പൊ ഞാനും പ്രമോദും ഒരു സന്ധിയില്‍ ഒപ്പ് വച്ചു .
ഇത്രയും കാലത്തേ കഷ്ടപാടില്‍ നിന്നു ഒരു കാര്യം ഉറപ്പാണ്‌. ഞങ്ങളില്‍ ഒരാളോടു സത്യഭാമയ്ക്ക് പ്രേമം കാണണം‌. അത് ഒരു കത്തിലൂടെ കാര്യം സോള്‍വ്‌ ചെയ്യാം. എന്റെ ഐഡിയ ആയിരുന്നു.(എന്റെ ഒരു കാര്യം ). അവള്‍ ആര്‍ക്കു മറുപടി തരുന്നോ അയാളോടാണ് അവള്‍ക്ക് പ്രേമം.
"ജീവിതം യൌവന തീക്ഷണവും പ്രേമ സുരഭിലവും ..." എന്നൊക്കെ വച്ചു ഒരു ഒറിജിനല്‍ സ്റ്റൈലില്‍ ഞങ്ങള്‍ ഒരു കത്തെഴുതി. കത്തിന്റെ അവസാനം ഇംഗ്ലീഷില്‍ എന്തെങ്കിലും എഴുതണമെന്നു പ്രമോദിന് ഒരേ വാശി. പഴയ ഒരു സിനിമയില്‍ ജഗദീഷിന് പറ്റിയ അബദ്ധം ഓര്‍മിപിച്ചു ഞാന്‍ ആ പ്ലാന്‍ ഒതുക്കി.
അവസാനം കത്തും ഒരു ഫൈവ് സ്റ്റാറും കൂടി ഞങ്ങള്‍ സത്യഭാമയുടെ അനിയനെ ഏല്പിച്ചു. വിശദീകരണം തുടങ്ങും മുന്പ് തന്നെ അവന്‍ പറഞ്ഞു - "ഓക്കേ, മുട്ടായി എനിക്ക്, കത്ത് ചേച്ചിക്ക്, അല്ലെ?". "ഹും, അതെ" ഞാന്‍ പറഞ്ഞു.
"ഇവനതങ്ങനെ മനസിലായി? ഇന്നത്തെ കുട്ടികള്‍.. whatever, who cares" - ഞാന്‍ പറഞ്ഞു. അത് കേട്ടു പ്രമോദ് "നല്ല ഇംഗ്ലീഷ്, നമുക്കു ഇതു കത്തില്‍ തള്ളി കേറ്റാമായിരുന്നു ".
കഷ്ടം മലയാളം മീഡിയത്തില്‍ പഠിച്ചതിന്റെ ഗുണം!

കത്ത് കൊടുത്തു കഴിഞ്ഞുള്ള മണികൂറുകള്‍ ഞാന്‍ ഉദ്യ്വേഗത്തിന്റെ മുള്‍മുനയില്‍ ആയിരുന്നു. എനിക്ക് തോന്നി ഈ പ്രമോദ് ഒരു മന്ദബുദ്ധി ആണ്. അവന് ഒരു ടെന്‍ഷനും ഇല്ല. വൈകുന്നേരമായപ്പൊ ഞാന്‍ എന്റെ bsa slrഉം ചവിട്ടി പ്രമോദിന്റെ വീട്ടില്‍ എത്തി. വീട്ടില്‍ കേറിയപ്പോ തന്നെ ഒരു മരണ വീട്ടില്‍ കേറിയ ലക്ഷണം. കാവിലമ്മേ പ്രമോദ് തന്നെ ആയിരിക്കണേ.
"ഡെയ്, നീ എത്തിയാ ." പ്രമോദ് ഇറങ്ങി വന്നു.
ഹും, വെറുതെ ആശിച്ചു. പ്രമോദ് തുടര്‍ന്ന് -"ബൈ ദി ബൈ, നമ്മുടെ ലവള്‍ ഇന്നു സ്കൂളില്‍ പോയ ലക്ഷണമില്ല". എന്റെ ടെന്‍ഷന്‍ വീണ്ടും കൂടി.
അകത്തു നിന്നു പ്രമോദിന്റെ പ്രീഡിഗ്രിക്കാരന്‍ ചേട്ടന്‍ പ്രശാന്ത്‌ ഉറക്കെ വായിച്ചു പഠിക്കെയാണ്. മൈ ഗൂട്നെസ്സ്, ഈ കാലത്തില്‍ ആരെങ്കിലും  ഉറക്കെ വായിച്ചു പഠിക്കുമോ? അല്ല, ആരെങ്കിലും പഠിക്കുമോ? കണ്‍ട്രി ഫെല്ല. whatever.

വരാന്തയില്‍ ഇരുന്നാല്‍ റോഡ് കാണാം. ദേന്ടെ വരുന്നു പ്രമോദിന്റെ അപ്പന്‍. ഇനി ഞാന്‍ ഇവിടുരുന്നാല്‍ അങ്ങേരു പഠിപ്പിന്റെ കാര്യം ചോദിക്കും. എന്റെ അപ്പനില്ലാത്ത ടെന്‍ഷന്‍ എന്തിനാണ് ഇയാള്‍ക്ക്? അപ്പോഴാണ്‌  ജീവിതത്തിലെ ഏറ്റവും വലിയ ഷോക്ക്‌ എനിക്ക് കിട്ടിയത്!

പ്രമോദിന്റെ അച്ഛന്‍ പാതി വഴി എത്തിയപ്പോ സത്യഭാമയുടെ അച്ഛന്‍ തടഞ്ഞു വച്ചേക്കുന്നു. അങ്ങേരുടെ കയ്യില്‍ മടക്കി വച്ച ഒരു പേപ്പറും ഉണ്ട്. ദൈവമേ തീര്‍ന്നു. എനിക്ക് മൂത്രമൊഴിക്കാന്‍ മുട്ടി.
പ്രമോദിന്റെ അച്ഛന്‍ എന്തൊക്കെയോ പറഞ്ഞു ഫലിപ്പിക്കുന്നുണ്ട് . ഇവിടെ ഇരുന്നിട്ട് ഒന്നും കേട്ടൂടാ.
പ്രമോദിന്റെ അവസ്ഥ അറിയാന്‍ നോക്കിയപ്പോ പണ്ടു തൊണ്ടയില്‍ പുട്ട് കുടുങ്ങിയപ്പോ ഇരുന്ന പോലെ ഇരിക്കുന്നു. അപ്പൊ ഇവനും ഭയം എന്നൊരു വികാരം ഉണ്ട്. നേരത്തെ പറഞ്ഞ ഉദ്വേഗത്തിന്റെ മുള്‍ മുനയുടെ രുചി എനിക്ക് വായില്‍ തോന്നി തുടങ്ങി.
പ്രമോദിന്റെ അച്ഛന്‍ ആ പേപ്പറും കൊണ്ടു വീട് ലക്ഷ്യമാക്കി നടന്നു തുടങ്ങി. പഴയ സിനിമയില്‍ കാണാറുള്ള പോലെ ഒരു പ്രതിമ പോലെ നിക്കാം. അല്ലേല്‍ വേണ്ട ഈ പ്രമോദ് അത് കുളമാക്കും.
പേരു വയ്ക്കാത്ത കാരണം എന്നെ സംശയിക്കാന്‍ ചാന്‍സ് കുറവാണ്. പക്ഷെ അച്ചന്മാരുടെ ഒരു ഹൈ ലെവല്‍ അന്വേഷണം വന്നാല്‍ കയ്യക്ഷരം വച്ചു എന്നെ പോക്കും.
പ്രമോദിന്റെ അച്ഛന്‍ ഞങ്ങളെ നോക്കാതെ അകത്തേക്ക് കേറി പോയി. കാവിലമ്മേ, തോക്കെടുക്കാന്‍ പോയതാണോ?
"നീ മര്യാദക്ക് വളര്താതോണ്ട ഇവന്‍ ഇങ്ങനെ ആയി പോയത്". കേറിയ പാടെ പ്രമോദിന്റെ അച്ഛന്റെ ആക്രോശം അമ്മയോടാ. "ഇവന്റെ കൂട്ടുകാര്‍ എല്ലാം പിഴയാ."
ഹേ, എന്നെ ഉദ്യെശിച്ചല്ലായിരിക്കും.

പുള്ളി തുടര്‍ന്നു - "ഇവന് ഇനി മേലാല്‍ ഒരു ഫോണും കൊടുക്കരുത്‌. ആറ് മണിക്ക് ശേഷം പുറത്തു വിടരുത്. ബസ്സ് കൂലിക്ക് മുകളില്‍ നയാ പൈസ കൊടുക്കുരുത്...."
ഈശ്വര ഇതൊന്നു എഴുതി കൊടുത്തില്ലേല്‍ ആ അമ്മ എങ്ങനെ ഓര്‍ക്കും.
ബെസ്റ്റ്, ജീവന്‍ പോകാറായപ്പൊഴാണ് ഒരു സുരാജ് വെഞ്ഞരുംമൂട് ലൈന്‍ കൂറ കോമഡി.

"ഠേ" - ഒരു ഊക്കന്‍ അടിയുടെ ഒച്ച. ഞാന്‍ ഞെട്ടി പ്രമോദിനെ നോക്കി. ഇല്ല അവനല്ല കൊണ്ടത്. എനിക്കുമല്ല. ഞങ്ങള്‍ രണ്ടു പേരും ഹാളിലേക്ക് ഓടി.
ദേണ്ടെ കിടക്കാന് പ്രശാന്തേട്ടന്‍ പഠിപ്പ് മേശേടെ അടിയില്‍. ബെസ്റ്റ്!
പ്രമോദിന്റെ അച്ഛന്‍ ആക്രോശം തുടര്‍ന്നു - "അയലത്തെ ആ സത്യഭാമക്ക് കത്ത് കൊടുത്തിരിക്കുന്നു! അതും പേരും അഡ്രസ്സും വച്ചു. അത് കൊടുക്കാന്‍ ആ പെണ്ണിന്റെ അനിയന് മുട്ടായി മേടിച്ചു കൊടുത്തെന്നു. പന്ന റാസ്കല്‍ ."
ഓ അപ്പൊ അങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ് വശം. ചുമ്മാതല്ല ഫൈവ് സ്റ്റാര്‍ കൊടുത്തപ്പോ ചെറുക്കനു പറയാതെ തന്നെ കാര്യം മനസിലായത്. അവന് ഇതു തന്നെയാണ് തൊഴില്‍. കൊള്ളാം, നല്ല ഭാവി ഉണ്ട് പൊടിയന്.
പ്രമോദിന്റെ അച്ഛന്‍ ആക്രോശം നിര്‍ത്തുന്ന ലക്ഷണമില്ല. പുള്ളി തുടര്‍ന്ന് - " എനിക്ക് നീ മാത്രമല്ല മോന്‍. നോക്കട നിന്റെ അനിയനെ. അവനെ കൊണ്ടു ഈ ഒരു ചീത്ത പേരു എനിക്ക് കിട്ടിയില്ല. അവനെ കണ്ടു പഠിക്കെടാ."
അത് കറക്റ്റ്. പ്രമോദ് കത്തില്‍ പേരു വയ്ക്കാറില്ല.

PS: വര്‍ഷങ്ങള്‍ കടന്നു പോയി. സത്യഭാമ വളര്‍ന്നു ഒരു വലിയ സുന്ദരി ആയി. ഞാനും പ്രമോദും കുറച്ചൊക്കെ വളര്‍ന്നു. ഞങ്ങള്‍ ഇരിപ്പ് വരാന്തയില്‍ നിന്നു അവന്റെ മതിലിലേക്ക് ആക്കി. ഒരു ചിങ്ങമാസത്തില്‍ സത്യഭാമയെ ഒരു പട്ടാളക്കാരന്‍ കെട്ടി. അന്ന് അവളും അയാളും നടന്നു പോകുന്നത് നോക്കി മതിലില്‍ ഇരുന്നു ഞാന്‍ ആരും കേള്കാതെ പാടി - "സുമംഖലീ നീ ഓര്‍മിക്കുമോ...".
അപ്പൊ സൈഡില്‍ ഇരുന്നു പ്രമോദിന്റെ വക - "അളിയാ... ഈ പട്ടാളക്കാര്‍ ഭാര്യെ നാട്ടില്‍ വിട്ടിട്ടല്ലേ അതിര്‍്തീ പോകുന്നെ?"
കൊള്ളാം, ഇവന്‍ എന്നെയും കൊണ്ടേ പോകു‌.

9 comments:

  1. Kollamedaa...oru realistic feel undu...the one liners are perfect..ambalathil pramodinte dialogue njerippu:)

    pramodintem nintem kadhakal Bobantem Mottedem kadhakal pole famous aakatte :)

    ReplyDelete
  2. too good rajeshetta..enjoyed ur story..u have got a gr8 humor sense..

    ReplyDelete
  3. @Ridley alias Arunkumar - thanks. next story is in concept phase - "parottayum, beefum, pinne njaanum" :-)
    @Gayathri - thanks Gayathri..

    ReplyDelete
  4. athi gambheeram! nalla polappan katha!

    ReplyDelete
  5. അച്ഛന്‍ വഴി വന്നത് കൊണ്ട് അടിയേ കിട്ടിയുള്ളു, പട്ടാളം വഴി വന്നാല്‍ വെടിയാവും കിട്ടുക.
    വിട്ട് പിടി മോനേ!!
    ഹ..ഹ..ഹ

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. vedichillu katha...katha aaayaal ingane venam....allarum happi...

    ...mathilinu mukalil thanne irunnathu kaaranam priyaye ankilum kitti....

    ReplyDelete
  8. Suraj Venjaramoodu stylil paranjaal "nalla polappan katha"... idayil basheerine quote cheythathu enikkangu sukhichu....
    nee iniyum ezhuthanam... ninakku ee rangathu nalloru bhaavi njaan kaanunnu.

    ReplyDelete